ക്രിസ്തുവിന്റെ പീഢാനുഭവം
ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ് എന്ന സിനിമയിൽ അഭിനയിക്കുന്നതിനു മുമ്പ് നടൻ ജിം കാവിയേസെലിന് ഡയറക്ടർ മെൽ ഗിബ്സൻ മുന്നറിയിപ്പ് നല്കിയത് ഈ റോൾ വലിയ പ്രയാസമുള്ളതും ഹോളിവുഡിലെ അദ്ദേഹത്തിന്റെ ഭാവിയെ ദോഷമായി ബാധിച്ചേക്കാവുന്നതുമായിരിക്കും എന്നാണ്. എന്നിട്ടും അഭിനയിക്കാൻ തന്നെ തീരുമാനിച്ചു കൊണ്ട് കാവിയേസെൽ പറഞ്ഞത്: "എത്ര പ്രയാസമായാലും വേണ്ടില്ല, നമുക്കിത് ചെയ്യാം" എന്നാണ്.
ചിത്രീകരണത്തിനിടയിൽ, കാവിയേസെലിന് ഇടിമിന്നലേറ്റിരുന്നു, 45 പൗണ്ട് തൂക്കം കുറഞ്ഞു, ചാട്ടയടി രംഗത്തിൽ അറിയാതെ അടിയേറ്റു. പിന്നീട് അദ്ദേഹം പറഞ്ഞു, "ആളുകൾ എന്നെ കാണണമെന്ന് എനിക്കില്ലായിരുന്നു. അവരെല്ലാം യേശുവിനെ തന്നെ കാണണം എന്നാണ് ഞാൻ ആഗ്രഹിച്ചത്. അതിലൂടെ മാനസാന്തരം സംഭവിക്കണം എന്നും." ഈ സിനിമ കാവിയേസെലിനെയും ടീമിനെയും ആഴത്തിൽ സ്വാധീനിച്ചു. സിനിമ കണ്ട ലക്ഷക്കണക്കിനാളുകളിൽ എത്രപേരുടെ ജീവിതം വ്യത്യാസപ്പെടാൻ ഇടയായി എന്നത് ദൈവത്തിന് മാത്രമേ അറിയൂ.
ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ് സിനിമയിൽ ഓശാന ഞായറാഴ്ചത്തെ രാജകീയ പ്രവേശനം, ഒറ്റിക്കൊടുക്കൽ, പരിഹാസം, ചാട്ടവാറടി, ക്രൂശീകരണം തുടങ്ങിയ രംഗങ്ങളാണുള്ളത്. 4 സുവിശേഷങ്ങളിലും ഈ സംഭവ വിവരണം ഉണ്ട്.
യെശയ്യാവ് 53 ൽ യേശുവിന്റെ സഹനവും അതിന്റെ ഫലവും പ്രവചിക്കുന്നുണ്ട്: "അവൻ നമ്മുടെ അതിക്രമങ്ങൾ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾ നിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവരെ മേൽ ആയി, അവന്റെ അടിപ്പിണരുകളാൽ നമുക്ക് സൗഖ്യം വന്നുമിരിക്കുന്നു" (വാ.5). "നാമെല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു" (വാ.6). എന്നാൽ യേശുവിന്റെ കുരിശുമരണവും ഉത്ഥാനവും വഴി നമുക്ക് ദൈവവുമായി സമാധാനം സാധ്യമായി. അവന്റെ സഹനം നമുക്ക് ദൈവത്തോടൊപ്പമായിരിക്കാൻ വഴി തുറന്നു.
പ്രാർത്ഥനയ്ക്കുള്ള ഒരു ആഹ്വാനം
എബ്രഹാം ലിങ്കൺ ഒരു സുഹൃത്തിനോട് തുറന്നു പറഞ്ഞു, "എനിക്ക് പോകാൻ മറ്റൊരിടവുമില്ലെന്ന ശക്തമായ ബോധ്യത്താൽ ഞാൻ പലതവണ മുട്ടുകുത്തി. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന്റെ ഭീകരമായ വർഷങ്ങളിൽ, പ്രസിഡന്റ് ലിങ്കൺ തീക്ഷ്ണമായ പ്രാർത്ഥനയിൽ സമയം ചെലവഴിക്കുക മാത്രമല്ല, തന്നോടൊപ്പം ചേരാൻ രാജ്യത്തോട് ആഹ്വാനം ചെയ്യുകയും ചെയ്തു. 1861-ൽ അദ്ദേഹം "താഴ്മയുടെയും, പ്രാർത്ഥനയുടെയും, ഉപവാസത്തിന്റെയും ദിനം" പ്രഖ്യാപിച്ചു. 1863-ൽ അദ്ദേഹം വീണ്ടും അങ്ങനെ പ്രസ്താവിച്ചു, "ദൈവത്തിന്റെ മേൽക്കോയ്മയെ ആശ്രയിക്കുന്നത് ജനതകളുടെയും മനുഷ്യരുടെയും കടമയാണ്: തങ്ങളുടെ പാപങ്ങളും ലംഘനങ്ങളും എളിയ ദുഃഖത്തോടെയും, യഥാർത്ഥ പശ്ചാത്താപം കരുണയിലേക്കും ക്ഷമയിലേക്കും നയിക്കും എന്ന ഉറപ്പുള്ള പ്രത്യാശയുടെയും ഏറ്റുപറയുക.
യിസ്രായേല്യർ എഴുപത് വർഷത്തോളം ബാബിലോണിൽ പ്രവാസത്തിൽ കഴിഞ്ഞതിനുശേഷം, യെരൂശലേമിലേക്ക് മടങ്ങാൻ കോരെശ് രാജാവ് യിസ്രായേല്യരെ അനുവദിച്ചു, ഒരു ശേഷിപ്പ് അത് ചെയ്തു. യിസ്രായേല്യനും (നെഹെമ്യാവ് 1:6) ബാബിലോൺ രാജാവിന്റെ പാനപാത്രവാഹകനുമായ നെഹെമ്യാവ് (വാക്യം 11) മടങ്ങിയെത്തിയവർ "മഹാകഷ്ടത്തിലും അപമാനത്തിലും" ആണെന്ന് അറിഞ്ഞപ്പോൾ (വാ. 3), അവൻ "ഇരുന്ന് കരഞ്ഞു.” ദുഃഖിച്ചും ഉപവസിച്ചും പ്രാർത്ഥിച്ചും ദിവസങ്ങൾ ചെലവഴിച്ചു (വാക്യം 4). തന്റെ രാജ്യത്തിനുവേണ്ടിയുള്ള പ്രാർത്ഥനയിൽ അവൻ മല്ലു പിടിച്ചു (വാ. 5-11). പിന്നീട്, അവനും തന്റെ ജനത്തെ ഉപവസിക്കാനും പ്രാർത്ഥിക്കാനും വിളിച്ചു (9:1-37).
നൂറ്റാണ്ടുകൾക്കുശേഷം, റോമൻ സാമ്രാജ്യത്തിന്റെ നാളുകളിൽ, അപ്പോസ്തലനായ പൗലോസും അധികാരസ്ഥന്മാർക്കുവേണ്ടി പ്രാർത്ഥിക്കാൻ തന്റെ വായനക്കാരെ പ്രേരിപ്പിച്ചു (1 തിമോത്തി 2:1-2). മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ പ്രാർത്ഥനകൾ നമ്മുടെ ദൈവം ഇപ്പോഴും കേൾക്കുന്നു.
പരിശോധനകളെ അതിജീവിക്കുക
ദാരിദ്ര്യത്തിലും വേദനയിലും ആണ് ആനി വളർന്നത്. അവളുടെ രണ്ട് സഹോദരങ്ങൾ ശൈശവത്തിൽ മരിച്ചു. അഞ്ചാം വയസ്സിൽ, നേത്രരോഗം അവളെ ഭാഗികമായി അന്ധയാക്കി, എഴുതാനും വായിക്കാനും കഴിയാതെ വന്നു. ആനിക്ക് എട്ട് വയസ്സുള്ളപ്പോൾ അവളുടെ അമ്മ ക്ഷയരോഗം ബാധിച്ച് മരിച്ചു. താമസിയാതെ, മോശമായി പെരുമാറുന്ന അവളുടെ പിതാവ് ജീവിച്ചിരിക്കുന്ന മൂന്ന് മക്കളെ ഉപേക്ഷിച്ചുപോയി. ഇളയവനെ ബന്ധുക്കൾക്കൊപ്പം താമസിക്കാൻ അയച്ചു, എന്നാൽ ആനിയും അവളുടെ സഹോദരൻ ജിമ്മിയും സർക്കാർ നടത്തുന്ന അനാഥാലയത്തിലേക്ക് പോയി. കുറച്ച് മാസങ്ങൾക്ക് ശേഷം ജിമ്മി മരിച്ചു.
പതിനാലാമത്തെ വയസ്സിൽ, ആനിയുടെ സാഹചര്യങ്ങൾ പ്രകാശമാനമായി. അവളെ അന്ധർക്കുള്ള ഒരു സ്‌കൂളിലേക്ക് അയച്ചു, അവിടെ അവളുടെ കാഴ്ച മെച്ചപ്പെടുത്താൻ ശസ്ത്രക്രിയ നടത്തി, അവൾ വായിക്കാനും എഴുതാനും പഠിച്ചു. അവൾ പൊരുത്തപ്പെടാൻ പാടുപെട്ടെങ്കിലും, അവൾ പഠനത്തിൽ മികവ് പുലർത്തുകയും വാലെഡിക്‌റ്റോറിയൻ ബിരുദം നേടുകയും ചെയ്തു. ഹെലൻ കെല്ലറുടെ അധ്യാപികയും കൂട്ടാളിയുമായ ആനി സള്ളിവൻ എന്ന നിലയിലാണ് ഇന്ന് നാം അവളെ നന്നായി അറിയുന്നത്. പ്രയത്‌നം, ക്ഷമ, സ്‌നേഹം എന്നിവയിലൂടെ ആനി അന്ധയും ബധിരയുമായ ഹെലനെ സംസാരിക്കാനും ബ്രെയിൽ വായിക്കാനും കോളേജിൽ നിന്ന് ബിരുദം നേടാനും പഠിപ്പിച്ചു.
യോസേഫിനും അങ്ങേയറ്റത്തെ പരീക്ഷണങ്ങളെ അതിജീവിക്കേണ്ടിവന്നു: പതിനേഴാം വയസ്സിൽ, അസൂയാലുക്കളായ സഹോദരന്മാർ അവനെ അടിമയായി വിറ്റു, പിന്നീട് തെറ്റായി കുറ്റം ആരോപിക്കപ്പെട്ട് തടവിലാക്കപ്പെട്ടു (ഉല്പത്തി 37; 39-41). എങ്കിലും മിസ്രീമിനെയും തന്റെ കുടുംബത്തെയും ക്ഷാമത്തിൽ നിന്ന് രക്ഷിക്കാൻ ദൈവം അവനെ ഉപയോഗിച്ചു (50:20).
നാമെല്ലാവരും പരീക്ഷണങ്ങളും പ്രശ്‌നങ്ങളും നേരിടുന്നു. എന്നാൽ അതിജീവിക്കാനും മറ്റുള്ളവരുടെ ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കാനും ദൈവം യോസേഫിനെയും ആനിയെയും സഹായിച്ചതുപോലെ, അവന് നമ്മെ സഹായിക്കാനും ഉപയോഗിക്കാനും കഴിയും. സഹായത്തിനും മാർഗ്ഗദർശനത്തിനും വേണ്ടി അവനെ അന്വേഷിക്കുക. അവൻ കാണുകയും കേൾക്കുകയും ചെയ്യുന്നു.
വിലമതിക്കാനാകാത്ത ഫലങ്ങൾ
മൂന്ന് വർഷമായി എല്ലാ സ്‌കൂൾ ദിവസങ്ങളിലും, കൊളീൻ എന്ന ഒരു അധ്യാപിക തന്റെ മക്കൾ ഓരോ ദിവസവും ഉച്ചകഴിഞ്ഞ് സ്‌കൂൾ ബസിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അവരെ അഭിവാദ്യം ചെയ്യാൻ വ്യത്യസ്തമായ വേഷവിധാനമോ മുഖംമൂടിയോ ധരിക്കുന്നു. ബസ് ഡ്രൈവർ ഉൾപ്പെടെ ബസിലെ എല്ലാവരുടെയും ദിവസം അവൾ പ്രകാശമാനമാക്കുന്നു: “[അവൾ] എന്റെ ബസിലെ കുട്ടികൾക്ക് വളരെയധികം സന്തോഷം നൽകുന്നു, ഇത് അതിശയകരമാണ്. അത് എനിക്ക് ഇഷ്ടമായി.’’ കൊളീന്റെ മക്കൾ സമ്മതിക്കുന്നു.
കൊളീൻ മക്കളെ വളർത്താൻ തുടങ്ങിയപ്പോഴാണ് ഇതെല്ലാം ആരംഭിച്ചത്. മാതാപിതാക്കളിൽ നിന്ന് വേർപെടുത്തുന്നതും ഒരു പുതിയ സ്‌കൂളിൽ ചേരുന്നതും എത്ര ബുദ്ധിമുട്ടാണെന്ന് അറിയാമായിരുന്ന അവൾ ഒരു പുതിയ വേഷവിധാനത്തിൽ മക്കളെ അഭിവാദ്യം ചെയ്യാൻ തുടങ്ങി. മൂന്ന് ദിവസം അങ്ങനെ ചെയ്തിട്ട് അതു നിർത്താൻ തുടങ്ങിയയിട്ട് കുട്ടികൾ സമ്മതിച്ചില്ല. അങ്ങനെ കൊളീൻ തുടർന്നു. അതിനുവേണ്ടി കടകളിൽ സമയവും പണവും അവൾക്കു ചെലവഴിക്കേണ്ടിയിരുന്നു. എന്നാൽ, ഒരു റിപ്പോർട്ടർ വിവരിക്കുന്നതുപോലെ, അത് “അമൂല്യമായ ഫലം: സന്തോഷം’’ കൊണ്ടുവന്നു.
ശലോമോൻ രാജാവ് തന്റെ മകന് നൽകിയ ജ്ഞാനവും നർമ്മബോധവും നിറഞ്ഞ ഒരു പുസ്തകത്തിലെ ഒരു ചെറിയ വാക്യം, ഈ അമ്മയുടെ പ്രവൃത്തികളുടെ ഫലത്തെ സംഗ്രഹിക്കുന്നു: “സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു; തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു’ (സദൃശവാക്യങ്ങൾ 17: 22). അവളുടെ എല്ലാ മക്കൾക്കും (സ്വന്തം മക്കൾ, ദത്തെടുത്തവർ, വളർത്തുമക്കൾ) സന്തോഷം നൽകുന്നതിലൂടെ, ആത്മാക്കൾ തകരുന്നതു തടയാൻ കഴിയുമെന്ന് അവൾ പ്രതീക്ഷിച്ചു.
സത്യവും നിലനിൽക്കുന്നതുമായ സന്തോഷത്തിന്റെ ഉറവിടം പരിശുദ്ധാത്മാവിലൂടെ പ്രവർത്തിക്കുന്ന ദൈവമാണ് (ലൂക്കൊസ് 10:21; ഗലാത്യർ 5:22). മറ്റുള്ളവർക്ക് സന്തോഷം നൽകുന്നതിന് പരിശ്രമിക്കുമ്പോൾ ദൈവത്തിന്റെ വെളിച്ചം പ്രകാശിപ്പിക്കാൻ ആത്മാവ് നമ്മെ പ്രാപ്തരാക്കുന്നു, അത് പരീക്ഷണങ്ങളെ നേരിടാനുള്ള പ്രത്യാശയും ശക്തിയും പ്രദാനം ചെയ്യുന്നു.
ഉദ്യാനത്തിൽ
ക്യാമ്പിംഗ്, മീൻപിടുത്തം, മലകയറ്റം എന്നിവ ആസ്വദിച്ച് ദൈവിക സൃഷ്ടിയിൽ വെളിയിൽ കഴിയുന്നത് എന്റെ പിതാവിന്് ഇഷ്ടമായിരുന്നു. തന്റെ മുറ്റത്തും പൂന്തോട്ടത്തിലും ജോലി ചെയ്യുന്നതും അദ്ദേഹം ആസ്വദിച്ചു. എന്നാൽ ഇതിന് വളരെയധികം ജോലി വേണ്ടിവന്നു! അദ്ദേഹം മണിക്കൂറുകളോളം ചെടി കോതിയും, കിളച്ചും, വിത്തുകളും ചെടികളും നട്ടുപിടിപ്പിച്ചും, കള പറിച്ചും, പുൽത്തകിടി വെട്ടിയും, മുറ്റവും പൂന്തോട്ടവും നനച്ചും സമയം ചെലവഴിച്ചു. അതിന്റെ ഫലം വിലമതിക്കത്തക്കതായിരുന്നു - ഒരു ലാൻഡ്‌സ്‌കേപ്പ് ചെയ്ത പുൽത്തകിടി, രുചിയുള്ള തക്കാളി, മനോഹരമായ സമാധാന റോസാപ്പൂക്കൾ. എല്ലാ വർഷവും അദ്ദേഹം റോസാച്ചെടി നിലത്തോട് ചേർന്ന് വെട്ടിമാറ്റുന്നു, ഓരോ വർഷവും അവ വീണ്ടും വളർന്നു - ഇന്ദ്രിയങ്ങളെ അവയുടെ സൌരഭ്യവും സൌന്ദര്യവും കൊണ്ട് നിറച്ചു.
ആദാമും ഹവ്വായും ജീവിക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ദൈവത്തോടൊപ്പം നടക്കുകയും ചെയ്ത ഏദെൻ തോട്ടത്തെക്കുറിച്ച് ഉല്പത്തിയിൽ നാം വായിക്കുന്നു. അവിടെ, ദൈവം “കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു” (ഉല്പത്തി 2:9). പൂർണ്ണമായ പൂന്തോട്ടത്തിൽ മനോഹരവും മധുരമുള്ളതുമായ പൂക്കളും ഫലങ്ങളും ഉൾപ്പെടുന്നുവെന്ന് ഞാൻ സങ്കൽപ്പിക്കുന്നു-ഒരുപക്ഷേ മുള്ളുകളില്ലാത്ത റോസാപ്പൂക്കൾ പോലും!
ദൈവത്തിനെതിരായ ആദാമിന്റെയും ഹവ്വായുടെയും മത്സരത്തിനു ശേഷം, അവർ തോട്ടത്തിൽ നിന്ന് പുറത്താക്കപ്പെട്ടു, ഇനി അവർ അവരുടെ സ്വന്തം തോട്ടങ്ങൾ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടതുണ്ട്, അതായത് കഠിനമായ നിലം കിളയ്ക്കുക, മുള്ളുകളോട് പോരാടുക, മറ്റ് വെല്ലുവിളികൾ നേരിടുക (3:17-19, 23-24). എന്നിട്ടും ദൈവം അവർക്കുവേണ്ടി കരുതുന്നത് തുടർന്നു (വാ. 21). നമ്മെ തന്നിലേക്ക് ആകർഷിക്കാൻ സൃഷ്ടിയുടെ സൗന്ദര്യമില്ലാതെ അവൻ മനുഷ്യരാശിയെ ഉപേക്ഷിച്ചില്ല (റോമർ 1:20). പൂന്തോട്ടത്തിലെ പൂക്കൾ, ദൈവത്തിന്റെ തുടർച്ചയായ സ്‌നേഹത്തെയും നവീകരിക്കപ്പെട്ട ഒരു സൃഷ്ടിയെക്കുറിച്ചുള്ള വാഗ്ദാനത്തെയും കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു-പ്രത്യാശയുടെയും ആശ്വാസത്തിന്റെയും പ്രതീകങ്ങൾ എന്ന നിലയിൽ!
ദയയുടെ പ്രവൃത്തികൾ
ഗർഭച്ഛിദ്രം സംഭവിച്ചു മാസങ്ങൾക്കുശേഷം, വലേരി താൻ വാങ്ങിയ സാധനങ്ങൾ വില്ക്കുവാൻ തീരുമാനിച്ചു. ഏതാനും മൈലുകൾ അകലെ താമസിക്കുന്ന അയൽവാസിയും കരകൗശലവിദഗ്ധനുമായ ജെറാൾഡ്, അവൾ വിൽക്കുന്ന കുഞ്ഞൻ തൊട്ടിൽ കൗതുകത്തോടെ വാങ്ങി. അവിടെ വെച്ച് ജെറാൾഡിന്റെ ഭാര്യ വലേരിയുമായി സംസാരിക്കുകയും അവളുടെ നഷ്ടത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. വീട്ടിലേക്കുള്ള വഴിയിൽ അവളുടെ അവസ്ഥയെക്കുറിച്ച് കേട്ടതിന് ശേഷം, വലേരിക്ക് ഒരു സ്മരണിക തയ്യാറാക്കുന്നതിനായി തൊട്ടിൽ ഉപയോഗിക്കാൻ ജെറാൾഡ് തീരുമാനിച്ചു. ഒരാഴ്ചയ്ക്കു ശേഷം, അവൻ കണ്ണീരോടെ അവൾക്ക് മനോഹരമായ ഒരു ബെഞ്ച് സമ്മാനിച്ചു. ''നല്ല ആളുകളുണ്ട്, ഇതാണതിന്റെ തെളിവ്,'' വലേരി പറഞ്ഞു.
വലേരിയെപ്പോലെ, രൂത്തിനും നൊവൊമിക്കും വലിയ നഷ്ടം സംഭവിച്ചു. നൊവൊമിയുടെ ഭർത്താവും രണ്ട് ആൺമക്കളും മരിച്ചിരുന്നു. ഇപ്പോൾ അവൾക്കും അവളുടെ നിർഭാഗ്യവതിയായ മരുമകൾ രൂത്തിനും അവകാശികളോ, അവരെ പരിപാലിക്കാൻ ആളുകളോ ഇല്ല (രൂത്ത് 1:1-5). അവിടെയാണ് ബോവസ് ഇടപെട്ടത്. വയലിൽ വീണുകിടക്കുന്ന ധാന്യങ്ങൾ പെറുക്കാൻ രൂത്ത് ഒരു വയലിൽ വന്നപ്പോൾ ഉടമയായ ബോവസ് അവളെക്കുറിച്ച് ചോദിച്ചു. അവൾ ആരാണെന്ന് അറിഞ്ഞപ്പോൾ അവൻ അവളോട് ദയ കാണിച്ചു (2:5-9). ആശ്ചര്യഭരിതയായ രൂത്ത് ചോദിച്ചു, “നീ എന്നെ വിചാരിപ്പാൻ തക്കവണ്ണം നിനക്കു എന്നോടു ദയതോന്നിയതു എങ്ങനെ?” (വാ. 10). അവൻ മറുപടി പറഞ്ഞു, “നിന്റെ ഭർത്താവു മരിച്ചശേഷം അമ്മാവിയമ്മെക്കു നീ ചെയ്തിരിക്കുന്ന ... വിവരമൊക്കെയും ഞാൻ കേട്ടിരിക്കുന്നു” (വാ. 11).
ബോവസ് പിന്നീട് രൂത്തിനെ വിവാഹം കഴിക്കുകയും നൊവൊമിയെ സംരക്ഷിക്കുകയും (അദ്ധ്യായം 4) ചെയ്തു. അവരുടെ വിവാഹത്തിലൂടെ, ദാവീദിന്റെയും യേശുവിന്റെയും ഒരു പൂർവ്വപിതാവ് ജനിച്ചു. മറ്റൊരാളുടെ ദുഃഖത്തെ രൂപാന്തരപ്പെടുത്തുന്നതിനു സഹായിക്കാൻ ദൈവം ജെറാൾഡിനെയും ബോവസിനെയും ഉപയോഗിച്ചതുപോലെ, വേദനയിൽ മറ്റുള്ളവരോട് ദയയും സഹാനുഭൂതിയും കാണിക്കാൻ അവനു നമ്മിലൂടെ പ്രവർത്തിക്കാൻ കഴിയും.
നമ്മുടെ തിരഞ്ഞെടുപ്പുകൾ പ്രധാനമാണ്
യു.എസ്.എ.യിലെ ന്യൂജേഴ്‌സിയിലുള്ള ഒരു നീന്തൽ പരിശീലകൻ, നെവാർക്ക് ബേയിൽ ഒരു കാർ മുങ്ങുന്നത് കണ്ടു. കാർ പെട്ടെന്ന് ചെളിവെള്ളത്തിൽ മുങ്ങിയപ്പോൾ ഡ്രൈവർ 'എനിക്ക് നീന്താൻ അറിയില്ല' എന്ന് അലറുന്നത് കേട്ടു. ഒരു ജനക്കൂട്ടം കരയിൽ നോക്കിനിൽക്കെ, ആന്റണി അരികിലെ പാറകളിലേക്ക് ഓടി, കൃത്രിമ കാൽ നീക്കം ചെയ്തു, അറുപത്തെട്ടുകാരനെ രക്ഷപ്പെടുത്തിാനായി വെള്ളത്തിലേക്കു ചാടി. ആന്റണിയുടെ നിർണ്ണായക പ്രവർത്തനത്തിലൂടെ ഒരു മനുഷ്യൻ രക്ഷപ്പെട്ടു.
നമ്മുടെ തിരഞ്ഞെടുപ്പുകൾ പ്രധാനമാണ്. തന്റെ പതിനേഴു വയസ്സുള്ള മകൻ യോസേഫിനെ പരസ്യമായി അനുകൂലിച്ച, നിരവധി ആൺമക്കളുടെ പിതാവായ ഗോത്രപിതാവായ യാക്കോബിനെക്കുറിച്ചു ചിന്തിക്കുക. അവൻ ഭോഷത്തമായിട്ടാണെങ്കിലും യോസേഫിന് ഒരു 'നിലയങ്കി' ഉണ്ടാക്കിക്കൊടുത്തു (ഉല്പത്തി 37:3). ഫലമോ? യോസേഫിന്റെ സഹോദരന്മാർ അവനെ വെറുത്തു (വാ. 4); അവസരം ലഭിച്ചപ്പോൾ അവർ അവനെ അടിമയായി വിറ്റു (വാ. 28). യോസേഫിന്റെ സഹോദരന്മാർ അവനെ ഉപദ്രവിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും യോസേഫ് ഈജിപ്തിൽ എത്തിയതിനാൽ, ഏഴ് വർഷത്തെ ക്ഷാമകാലത്ത് യാക്കോബിന്റെ കുടുംബത്തെയും മറ്റു പലരെയും സംരക്ഷിക്കാൻ ദൈവം അവനെ ഉപയോഗിച്ചു(കാണുക 50:20). പോത്തിഫറിന്റെ ഭാര്യയുടെ മുമ്പിൽ മാന്യതദ സൂക്ഷിക്കാനും ഓടിപ്പോകുവാനുമുള്ള യോസേഫിന്റെ തീരുമാനമായിരുന്നു കാര്യങ്ങളെ ശരിയായ നിലയിൽ ചലിപ്പിച്ചത് (39:1-12). അനന്തരഫലം തടവറയും (39:20) പിന്നീട് ഫറവോനുമായുള്ള കൂടിക്കാഴ്ചയുമായിരുന്നു (അധ്യായം 41).
പരിശീലനത്തിന്റെ പ്രയോജനം ആന്റണിക്ക് ഉണ്ടായിരുന്നിരിക്കാം, പക്ഷേ അദ്ദേഹത്തിന് ഇപ്പോഴും ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നു. നാം ദൈവത്തെ സ്‌നേഹിക്കുകയും അവനെ സേവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുമ്പോൾ, ജീവനെ രക്ഷിക്കുന്നതും ദൈവത്തെ ബഹുമാനിക്കുന്നതുമായ തിരഞ്ഞെടുപ്പുകൾ നടത്താൻ അവൻ നമ്മെ സഹായിക്കുന്നു. നാം ഇതുവരെ അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ, യേശുവിൽ വിശ്വസിച്ചുകൊണ്ട് നമുക്ക് ഇപ്പോൾ ആരംഭിക്കാം.
ഉറക്കെ ചിരിക്കുക
അമേരിക്കൻ ഹാസ്യനടനും എഴുത്തുകാരനുമായ ജോൺ ബ്രാന്യൻ പറഞ്ഞു, ''നാമല്ല ചിരി ആലോചിച്ചുണ്ടാക്കിയത്; അത് നമ്മുടെ ആശയമായിരുന്നില്ല. ജീവിതത്തിലൂടെ കടന്നുപോകാൻ ഞങ്ങൾക്ക് അത് ആവശ്യമാണെന്ന് അറിയാമായിരുന്ന [ദൈവം] അത് നമുക്ക് നൽകി. [കാരണം] നമുക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്ന് അവനറിയാമായിരുന്നു, പോരാട്ടങ്ങൾ ഉണ്ടാകുമെന്ന് അവനറിയാമായിരുന്നു, അവനറിയാമായിരുന്നു. . . പ്രശ്‌നങ്ങൾ സംഭവിക്കുമെന്ന്. . . . ചിരി ഒരു വരദാനമാണ്.''
ദൈവം സൃഷ്ടിച്ച സൃഷ്ടികളെ ഒന്ന് വീക്ഷിക്കുന്നതുപോലും ചിരിയുണ്ടാക്കും. അവരുടെ വിചിത്ര രീതികൾ നമ്മെ ചിരിപ്പിക്കും (താറാവിന്റെ ചുണ്ടുള്ള പ്ലാറ്റിപസ് അല്ലെങ്കിൽ തമാശക്കാരനായ ഓട്ടറുകൾ പോലുള്ളവ). സമുദ്രത്തിൽ വസിക്കുന്ന സസ്തനികളെയും പറക്കാൻ കഴിയാത്ത നീണ്ട കാലുകളുള്ള പക്ഷികളെയും ദൈവം സൃഷ്ടിച്ചു. ദൈവത്തിന് നർമ്മബോധമുണ്ട്; നാം അവന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാൽ നമുക്കും ചിരിയുടെ ആനന്ദമുണ്ട്.
ചിരി എന്ന വാക്ക് നമ്മൾ ആദ്യം കാണുന്നത് അബ്രഹാമിന്റെയും സാറയുടെയും കഥയിലാണ്. ഈ വൃദ്ധ ദമ്പതികൾക്ക് ദൈവം ഒരു കുഞ്ഞിനെ വാഗ്ദത്തം ചെയ്തു: "നിന്റെ ഉദരത്തിൽനിന്നുപുറപ്പെടുന്നവൻ തന്നേ നിന്റെ അവകാശിയാകും" (ഉല്പത്തി 15:4). ദൈവം അരുളിച്ചെയ്തു: ''നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതിഇങ്ങനെ ആകും'' (വാ. 5). ഒടുവിൽ തൊണ്ണൂറാമത്തെ വയസ്സിൽ സാറ പ്രസവിച്ചപ്പോൾ, അബ്രഹാം അവരുടെ മകന് യിസഹാക്ക് എന്ന് പേരിട്ടു, അതിനർത്ഥം 'ചിരി' എന്നാണ്. സാറ ഉദ്‌ഘോഷിച്ചതുപോലെ, "ദൈവം എനിക്കു ചിരിയുണ്ടാക്കി; കേൾക്കുന്നവരെല്ലാം എന്നെച്ചൊല്ലി ചിരിക്കും" (21:6). തന്റെ വാർദ്ധക്യത്തിൽ ഒരു കുഞ്ഞിനെ മുലയൂട്ടാൻ കഴിയുന്നത് അവളെ അത്ഭുതപ്പെടുത്തി! താൻ പ്രസവിക്കുമെന്ന് കേട്ടപ്പോൾ അവൾക്കുണ്ടായ സംശയത്തിന്റെ ചിരിയെ (18:12) ദൈവം കേവല സന്തോഷത്തിന്റെ ചിരിയാക്കി മാറ്റി.
ചിരി സമ്മാനിച്ചതിന് ദൈവത്തിന് നന്ദി!
ചെറിയ ദയാവായ്പുകൾ
പല നേഴ്‌സിംഗ് ഹോമുകളിൽ പ്രവർത്തിക്കുന്ന വിസിറ്റിംഗ് നഴ്‌സായി അമാൻഡ ജോലി ചെയ്യുന്നു. പലപ്പോഴും തന്റെ പതിനൊന്ന് വയസ്സുള്ള മകൾ റൂബിയെ അവൾ കൂടെ കൊണ്ടുവരുന്നു. എന്തെങ്കിലും ചെയ്യാൻവേണ്ടി, റൂബി അന്തേവാസികളോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി, “നിങ്ങൾക്ക് മൂന്ന് കാര്യങ്ങൾ ലഭിക്കുമെന്നുണ്ടെങ്കിൽ, നിങ്ങൾ എന്ത് ആവശ്യപ്പെടും?” അവരുടെ ഉത്തരങ്ങൾ അവൾ നോട്ട്ബുക്കിൽ രേഖപ്പെടുത്തുന്നു. അതിശയകരമെന്നു പറയട്ടെ, അവരുടെ ആഗ്രഹങ്ങളിൽ പലതും ചെറിയ കാര്യങ്ങൾക്കു വേണ്ടിയായിരുന്നു: ചിക്കൻ, ചോക്കലേറ്റ്, ചീസ്, പഴങ്ങൾ. അവരുടെ ലളിതമായ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാനായി റൂബി ഒരു GoFundMe സ്ഥാപിച്ചു. അവൾ സാധനങ്ങൾ നൽകുമ്പോൾ, അവൾ അവരെ ആലിംഗനം ചെയ്യുന്നു. അവൾ പറയുന്നു, “ഇതു നിങ്ങളെ ഉയർത്തുന്നു. അത് ശരിക്കും അങ്ങനെ ചെയ്യുന്നു.’’
റൂബിയെപ്പോലെ നാം മനസ്സലിവും ദയയും കാണിക്കുമ്പോൾ, “കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ള’’ (സങ്കീർത്തനം 145:8) നമ്മുടെ ദൈവത്തെ നാം പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ടാണ് അപ്പൊസ്തലനായ പൗലാസ്, ദൈവജനമെന്ന നിലയിൽ നാം, “മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ’’ ധരിക്കാൻ (കൊലൊസ്യർ 3:12) ഉദ്‌ബോധിപ്പിച്ചത്. ദൈവം നമ്മോട് വലിയ മനസ്സലിവു കാണിച്ചതിനാൽ, മറ്റുള്ളവരുമായി അവന്റെ മനസ്സലിവു പങ്കിടാൻ നാം സ്വാഭാവികമായും ആഗ്രഹിക്കുന്നു. നാം മനഃപൂർവം അങ്ങനെ ചെയ്യുമ്പോൾ, നാം അതിനെ “ധരിക്കുകയാണു’’ ചെയ്യുന്നത്.
പൗലൊസ് നമ്മോടു തുടർന്നു പറയുന്നു: “എല്ലാറ്റിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്‌നേഹം ധരിപ്പിൻ’’ (വാ. 14). എല്ലാ നല്ല കാര്യങ്ങളും ദൈവത്തിൽ നിന്നാണ് വരുന്നതെന്ന കാര്യം ഓർത്തുകൊണ്ട്, “സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്യണം” (വാ. 17) എന്ന് അവൻ നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മൾ മറ്റുള്ളവരോട് ദയ കാണിക്കുമ്പോൾ, നമ്മുടെ ആത്മാവ് ഉയർത്തപ്പെടുന്നു.
തിളങ്ങാനുള്ള അവസരങ്ങൾ
ഡൽഹിയിൽ താമസിച്ചിരുന്ന അമ്മയും ഭാര്യയുമായ ശീതൾ, മഹാമാരിയുടെ സമയത്ത് വരുമാനവും ഭക്ഷണവുമില്ലാതെ റോഡുകളിൽ കഴിയുന്ന കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് ആശങ്കാകുലയായി. അവരുടെ ദയനീയാവസ്ഥ കണ്ടറിഞ്ഞ ശീതൾ 10 പേർക്കുള്ള ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്തു. വാർത്ത പരന്നു, ഏതാനും എൻജിഒകൾ ശീതളിനെ സഹായിക്കാൻ മുന്നോട്ടുവന്നു, ഇത് “പ്രോജക്റ്റ് അന്നപൂർണ്ണ”യുടെ പിറവിയിലേക്കു നയിച്ചു. ഒരു ദിവസം 10 പേർക്കു ഭക്ഷണം വിളമ്പുകയെന്ന ഒരു സ്ത്രീയുടെ ലക്ഷ്യം, പ്രതിദിനം 60,000ത്തിലധികം പ്രതിദിന വേതനക്കാരെ സേവിക്കുന്ന 50 സന്നദ്ധപ്രവർത്തകർ ഉള്ള ഒരു പ്രസ്ഥാനംഎന്ന നിലയിലേക്കു വളർന്നു.
കൊറോണ വൈറസ് മഹാമാരിയുടെ ഫലമായുണ്ടായ ഭീമാകാരമായ ആവശ്യങ്ങൾക്ക് പ്രതികരണമായി, സേവനത്തിനു യാതൊരു സാധ്യതയുമില്ലാത്ത പങ്കാളികളെ ഒരുമിച്ചു കൊണ്ടുവരികയും, യേശുവിൽ വിശ്വസിക്കുന്നവർക്ക് ക്രിസ്തുവിന്റെ വെളിച്ചം മറ്റുള്ളവരുമായി പങ്കിടാൻ പുതിയ അവസരങ്ങൾ നൽകുകയും ചെയ്തു. തന്റെ ഗിരിപ്രഭാഷണത്തിൽ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചത് “മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ” (മത്തായി 5:16) എന്നാണ്. സ്‌നേഹത്തിലും ദയയിലും നല്ല വാക്കുകളിലും പ്രവൃത്തികളിലും നമ്മെ നയിക്കാൻ ആത്മാവിനെ അനുവദിച്ചുകൊണ്ട് നാം ക്രിസ്തുവിന്റെ വെളിച്ചം പ്രകാശിപ്പിക്കുന്നു (ഗലാത്യർ 5:22-23 കാണുക). യേശുവിൽ നിന്ന് നമുക്ക് ലഭിച്ച വെളിച്ചം നമ്മുടെ ദൈനംദിന ജീവിതത്തിൽ വ്യക്തമായി പ്രകാശിക്കാൻ അനുവദിക്കുമ്പോൾ, നാം '[നമ്മുടെ] സ്വർഗ്ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തുകയാണു' ചെയ്യുന്നത് (മത്തായി 5:16).
ക്രിസ്തുവിനെ പരിതാപകരമായ നിയയിൽ ആവശ്യമുള്ള ഒരു ലോകത്ത് ഉപ്പും വെളിച്ചവുമാകാൻ അവൻ നമ്മെ സഹായിക്കുമ്പോൾ, ഈ ദിവസവും എല്ലാ ദിവസവും നമുക്ക് ക്രിസ്തുവിനുവേണ്ടി പ്രകാശിക്കാം.